ഹൈന്ദവസ്ഥാപനങ്ങളോടു നീതിന്യായവ്യവസ്ഥയും ഉദ്യോഗസ്ഥരും പുലർത്തുന്ന വിവേചനം

By Sanjay via Courtesy : Indic Tales published on August 12, 2017
ശ്രീജൻ ഫൗണ്ടേഷൻ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ വച്ച് ജെ. സായി ദീപക്കിന്റെ ഒരു പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. ‘ഹൈന്ദവക്ഷേത്രങ്ങളേ സർക്കാർ നിയന്ത്രണത്തിൽനിന്നു മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത’ആയിരുന്നു വിഷയം. പ്രഭാഷണത്തിന്റെ ഒരു ഭാഗം ഇവിടെ നൽകുന്നു. ഇതിൽ, ജെ. സായ് ദീപക് വിഷയം പരിചയപ്പെടുത്തി, പ്രശ്നത്തിന്റെ കാതലായ ഭാഗം വിശദീകരിക്കുന്നു.

Source : Indictales.com

താങ്കൾ പറഞ്ഞവസാനിപ്പിച്ച ആമുഖത്തിൽനിന്നു ഞാൻ പറഞ്ഞു തുടങ്ങാം. ഈ രാജ്യത്ത് ഭൂരിപക്ഷ സമുദായം വിവേചനത്തിനു വിധേയമാകുന്നത് വിരോധാഭാസമാണെന്ന് താങ്കൾ പറഞ്ഞു. എന്നാൽ ഇതിൽ വിരോധാഭാസമോ അൽഭുതകരമായോ ഒന്നുമില്ലെന്നു ഞാൻ കരുതുന്നു. ഈ വികാരം പങ്കുവയ്ക്കുന്നത് ഞാൻ മാത്രമാണെന്നും തോന്നുന്നില്ല. ഭാഗ്യവശാൽ ഈ രാജ്യത്തെ ഒരു നല്ലവിഭാഗം ജനങ്ങൾ കാര്യങ്ങളെപ്പറ്റി ഇപ്പോൾ ബോധവാന്മാരാണ്. ചുറ്റിലും നടക്കുന്ന സംഭവങ്ങൾ അവർ ശ്രദ്ധിക്കുന്നുണ്ട്. സ്വന്തം ജീവിതത്തിൽ മാത്രം ശ്രദ്ധിച്ച്, ജീവിക്കുന്ന ശരാശരി മദ്ധ്യവർഗ്ഗക്കാരനും കാര്യങ്ങളുടെ ഗൗരവം പിടികിട്ടിയിട്ടുണ്ട്. ഈ രീതിയിൽ ജീവിതം തുടർന്നാൽ കുറച്ചുകാലത്തിനു ശേഷം അതിജീവനം ബുദ്ധിമുട്ടാകുമെന്ന് അവരും മനസ്സിലാക്കിക്കഴിഞ്ഞു.

വിഷയത്തിന്റെ കാതലായ ഭാഗം സ്പർശിക്കുന്നതിനു മുമ്പ്, ചില കാര്യങ്ങൾ സൂചിപ്പിക്കേണ്ടതുണ്ട്. ഗൂഗിളിൽ തിരഞ്ഞാൽ, ക്ഷേത്രങ്ങൾ കയ്യേറിയതും, വജ്രമോഷണങ്ങളെ പറ്റിയും, ക്ഷേത്രസ്വത്തുക്കൾ കയ്യേറി അന്യാധീനപ്പെട്ടതും എല്ലാം വിഷയങ്ങളായ ലേഖനങ്ങൾ നിങ്ങൾക്കു എത്രവേണമെങ്കിലും ലഭിക്കും. പാട്ടത്തിനു കൊടുത്ത വസ്തുവകകളിൽ നിന്നു ലഭിക്കുന്ന തുശ്ചവരുമാനവും ലേഖനങ്ങളിൽ വരാറുണ്ട്. പൊതുമണ്ഢലത്തിൽ ഇടപെടുന്നവർക്കു അറിയാത്ത പുതിയ കാര്യങ്ങളാണ് ഞാനിവിടെ പറയുന്നതെന്ന് കരുതരുത്.

എങ്കിൽ എന്തുകൊണ്ടാണ് ഇത്തരം അന്യായമായ കാര്യങ്ങളോടു ഹൈന്ദവർ പ്രതികരിക്കാത്തത്? എന്തുകൊണ്ടാണ് സക്രിയമായ സമീപനം എടുക്കാത്തത്? ചുറ്റിലും സംഭവിക്കുന്ന കാര്യങ്ങളോടു പ്രതികരിക്കാനുള്ള സന്നദ്ധത എന്തുകൊണ്ട് ജനങ്ങൾ എടുക്കുന്നില്ല? ഈ ചോദ്യങ്ങളുടെ ഉത്തരം കിടക്കുന്നത് ജനങ്ങളുടെ മനോഭാവം, അറിവ്, ഉദ്യമിക്കാനുള്ള സന്നദ്ധത എന്നിവയിലാണ്. ഈ മൂന്ന് കാര്യങ്ങളിലാണ് വീഴ്ച സംഭവിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങൾക്കു മറ്റൊന്നിനേയും പഴിചാരുന്നതിൽ അർത്ഥമില്ല. ഉദാസീനതയാണ് പ്രധാനപ്രശ്നം. ഇതിന്റെ അനന്തരഫലം വ്യക്തമായി കാണണമെങ്കിൽ, ചില സംസ്ഥാനങ്ങളിൽ, ക്ഷേത്രഭരണം സംബന്ധിച്ചുള്ള നിയമങ്ങളിൽ കണ്ണോടിച്ചാൽ മതി. നിയമപരിശീലനം ലഭിച്ചിട്ടില്ലാത്ത, നിയമങ്ങളും നിയമവ്യവസ്ഥകളും വ്യാഖ്യാനിക്കാൻ കഴിവില്ലാത്ത വ്യക്തികൾ പോലും, ഈ നിയമങ്ങൾ അസാധുവാക്കാൻ ആവശ്യപ്പെടുകയാണ്.

സത്യത്തിൽ, ഈ വിഷയങ്ങളിൽ ഞാൻ എഴുത്ത് തുടങ്ങിയത് 2015 ഡിസംബർ മുതലാണ്. അതിനുമുമ്പ് ഒരു പ്രാഥമിക വായനയാണ് നടത്തിക്കൊണ്ടിരുന്നത്. ക്ഷേത്രങ്ങളെ കുറിച്ചുള്ള ഈ നിയമനിർമാണങ്ങൾ വായിച്ചപ്പോൾ, ഞാൻ ആദ്യംതന്നെ സ്വയമൊരു ചോദ്യം ചോദിച്ചു – ഈ നിയമങ്ങൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ എന്തുകൊണ്ട് ഇത്രയും കാലമെടുത്തു? ഇവയിൽ ചില നിയമങ്ങൾ 1927-ൽ പാസാക്കിയതാണ്. മറ്റുചിലത് 1951, 1954 എന്നീ വർഷങ്ങളിൽ. ഇപ്പോൾ തമിഴ്‌നാടിനു ബാധകമായ 1954-ലെ നിയമനിർമാണത്തിന്റെ മൂലം 1921-ലാണ്. പിന്നീടത് പിൻവലിച്ച്, 1951-ൽ പുതിയ നിയമനിർമ്മാണം നടന്നു. 1954-ലെ ശിവിർ മഠത്തിന്റെ കേസിൽ സുപ്രീംകോടതി ആദ്യമായി ഒരു നിയമനിർമ്മാണം റദ്ദാക്കി. എന്നാൽ, സുപ്രീംകോടതി 1954-ൽ റദ്ദാക്കിയ നിയമവും, അതിനു ശേഷം രൂപീകരിച്ച നിയമവും ആരെങ്കിലും താരതമ്യം ചെയ്തുനോക്കിയാൽ, അവ തമ്മിൽ എന്താണ് വ്യത്യാസമെന്നു അവർ ചോദിക്കും. സത്യത്തിൽ അവ തമ്മിൽ വ്യത്യാസമില്ല. കോടതി റദ്ദാക്കിയതും, ഇന്നു നിലവിലുള്ളതും എന്താണെന്ന് മനസ്സിലാക്കാൻ, രണ്ടു നിയമങ്ങളുടേയും മൂല-അർത്ഥ താരതമ്യത്തിനു ആരും മിനക്കെട്ടില്ല. അടിസ്ഥാനപരമായി ഭരണഘടനാപരമല്ലാത്തതെന്ന് വിധിച്ച്, രാജ്യത്തെ സുപ്രീംകോടതി റദ്ദാക്കിയ നിയമനിർമ്മാണം വീണ്ടും തിരിച്ചു കൊണ്ടുവരാൻ, നിയമനിർമാണസഭക്കു എങ്ങിനെ ധൈര്യവും പ്രാപ്തിയും ധാർഷ്ട്യവും ലഭിച്ചെന്നു ചോദിക്കാനും ആരും തുനിഞ്ഞില്ല.

രണ്ട് സാമൂഹിക-രാഷ്ട്രീയ കാരണങ്ങളിലേക്കു ഇത് നമ്മെ നയിക്കും. അതിലേക്കു കടക്കും മുമ്പ്, അതിനെപ്പറ്റി നമുക്കെന്ത് ചെയ്യാൻ പറ്റുമെന്നും, എന്തുകൊണ്ട് നാം ചിലത് ചെയ്തേ തീരൂവെന്നും നോക്കാം.ഇങ്ങിനെ പറയേണ്ടി വരുന്നതിൽ എനിക്കു ഖേദമുണ്ട്. എന്തെന്നാൽ, ക്ഷേത്രങ്ങൾക്കു വേണ്ടിയുള്ള വാദങ്ങൾ, നിർഭാഗ്യവശാൽ ഒരു പ്രത്യേക ജാതിയെ മാത്രം ബാധിക്കുന്നതായി മാറിയിരിക്കുന്നു. ഒരു പ്രത്യേക വിഭാഗം, സമൂഹം, സമുദായം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നമായി ഇത് മാറിക്കഴിഞ്ഞു. അടിസ്ഥാനപരമായി ഇങ്ങിനെ പാടില്ലെന്നു ഞാൻ കരുതുന്നു. തെറ്റായ ഇത്തരം വീക്ഷണങ്ങൾ നാം ഉപേക്ഷിക്കേണ്ടതുണ്ട്.ഒരു ക്ഷേത്രം ഹിന്ദുമതത്തിലുള്ള എല്ലാ ജാതികൾക്കും ഉപജാതികൾക്കും വിഭാഗങ്ങൾക്കും വേണ്ടിയുള്ളതാണ്. അക്കാര്യത്തിൽ തെറ്റിദ്ധാരണയോ രണ്ടഭിപ്രായമോ വേണ്ട. ഇത് സുവ്യക്ത നിലപാടാണ്. അതിനാൽ ഒരു ക്ഷേത്രത്തിനു പ്രശ്നംവന്നാൽ, ആ ക്ഷേത്രം നടത്തുന്നത് ഏതെങ്കിലും വിഭാഗമോ, ഉപവിഭാഗമോ, അല്ലെങ്കിൽ കുറച്ചു വിശ്വാസികളോ ആണെന്നതിനു പ്രാധാന്യമില്ല. അവർക്കു സംഭവിച്ചതും അവരെ ബാധിക്കുന്നതും, നിങ്ങളേയും നിങ്ങളുടെ ആത്മീയസ്ഥാപനങ്ങളേയും ഭാവിയിൽ ബാധിക്കും. കാരണം, അതേ പ്രക്രിയകൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കും സാവധാനം വ്യാപിച്ച് എത്തുന്നതാണ്. ഇതിൽനിന്നു രക്ഷപ്പെടുക സാധ്യമല്ല.

നാം ഉദാസീനത വെടിഞ്ഞ്, എന്തുകൊണ്ട് ഇത്രയും കാലം ഉദാസീനരായിരിക്കാൻ കഴിഞ്ഞു എന്ന് സ്വയം ചോദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉദാസീനതയുടെ കാരണം ലളിതമാണെന്ന് ഞാൻ കരുതുന്നു. ഭൗതികലോകത്തെ പ്രശ്നങ്ങളോടു നമുക്കൊരു തത്ത്വജ്ഞാനപരമായ സമീപനമുണ്ട്. സനാതന ധർമ്മം ആണെങ്കിൽ അത് സനാതനമായി തന്നെ തുടരും! സനാതനധർമ്മത്തിൽ തുടർച്ചയുണ്ടാകുമെന്നു ചുരുക്കും. ഇതുവരെ അങ്ങിനെയായിരുന്നു. കാലത്തിന്റേയും ചരിത്രത്തിന്റേയും കെടുതികളെ സനാതനധർമ്മം അതിജീവിച്ചു കഴിഞ്ഞു. അതുകൊണ്ട് ഭാവിയിലും ഇത് അതിജീവനത്തിനു ശേഷിയുള്ളതാണ്. കാലപ്രവാഹത്തിന്റെ ഇടയിൽപ്പെട്ട് സനാതനധർമ്മം തകർന്നു പോകില്ല. ഇതാണ് ഉദാസീനതക്കു നാം നൽകുന്ന നീതീകരണം. നമ്മുടെ ഭീരുത്വം, ദൗർബല്യം, കൂട്ടായതും ഒത്തൊരുമയുള്ളതുമായ പ്രവർത്തനത്തിന്റെ അഭാവം., എന്നിവയിൽ നിന്നാണ് ഈ നീതീകരണമുണ്ടാകുന്നത്. നാം അഭിമുഖീകരിക്കേണ്ട ആദ്യത്തെ കാര്യമിതാണെന്ന് ഞാൻ കരുതുന്നു.

പൊതുജനങ്ങൾക്കായി ചില കാര്യങ്ങൾ പറയാം. ഇതുപറയാൻ ഞാൻ തിടുക്കപ്പെട്ടിരിക്കുകയായിരുന്നു. കാരണം, എന്താണ് സംഭവിക്കുന്നതെന്നതിന്റെ സൂചനയാണിത്. നാമിന്ന് എവിടെ എത്തിനിൽക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരവും ഇത് നൽകും. 1966-ൽ സുപ്രീംകോടതി, ആന്ധ്രപ്രദേശ് സർക്കാർ സൂപീകരിച്ച ഒരു നിയമത്തിന്മേൽ, പുറപ്പെടുവിച്ച വിധിയിൽനിന്നു ഞാൻ ചില കാര്യങ്ങൾ പരാമർശിക്കുകയണ്. ഈ നിയമം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ, ഒരു പ്രത്യേകവാദം ഉന്നയിക്കപ്പെട്ടു. അതായത് ഈ നിയമനിർമാണം ഹൈന്ദവർക്കു മാത്രമേ ബാധകമാവുള്ളൂ! എന്തുകൊണ്ടാണ് ഈ നിയമനിർമ്മാണങ്ങൾ ഹൈന്ദവസ്ഥാപനങ്ങൾക്കു മാത്രം ബാധകമാകുന്നത്? എന്താണ് ഹൈന്ദവസ്ഥാപനങ്ങൾക്കു മാത്രമായുള്ള പ്രത്യേകത?

ഇക്കാര്യം ഇനി പറയുംവിധം പരിശോധിക്കാം. രാഹുൽ ഒരു സ്കൂളിന്റെ പ്രിൻസിപ്പലോ, ഒരു ക്ലാസിലെ ടീച്ചറോ ആണെന്ന് കരുതുക. ആരെ വേണമെങ്കിലും ശിക്ഷിക്കാനുള്ള അധികാരം രാഹുലിനുണ്ട്. പക്ഷേ, രാഹുൽ ശിക്ഷിക്കാൻ തിരഞ്ഞെടുക്കുന്നത് ഒരു ക്ലാസിലുള്ള എല്ലാ കുട്ടികളേയുമോ, അല്ലെങ്കിൽ ഒരു ക്ലാസിലെ ഒരു കുട്ടിയെ മാത്രമോ ആണ്. ഇതിന്റെ അർത്ഥം വ്യക്തമാണ്. രാഹുലിനു എല്ലാ ക്ലാസിലേയും കുട്ടികളെ, ജാതിമതവർഗ്ഗ ഭേദമന്യെ ശിക്ഷിക്കാനുള്ള അധികാരമുണ്ടെങ്കിലും, രാഹുൽ ഈ അധികാരം പ്രയോഗിക്കുത് ഒരു ക്ലാസിനുമേൽ (സമൂഹത്തിനുമേൽ) മാത്രമാണ്. ഇത് രണ്ടോ മൂന്നോ അനുമാനങ്ങളിലേക്കു നമ്മെ നയിക്കും.

ഒന്നാമതായി, പ്രത്യേക ശ്രദ്ധ അർഹിക്കുന്ന വിദ്യാർത്ഥികളും, സമൂഹവും അവർ മാത്രമാണെന്നു രാഹുൽ വിശ്വസിക്കുന്നു. ഇതിനു കാരണം, അവർ ദുർബലരോ അല്ലെങ്കിൽ അടിസ്ഥാനപരമായ ദൂഷ്യം അവരുടെ സ്വാഭാവത്തിലുണ്ടെന്നതോ ആകാം. തന്മൂലം അവരുടെ സ്വഭാവത്തിൽ മറ്റൊരാൾ ഇടപെടേണ്ടി വരുന്നു. രാഹുലിന്റെ നിഗമനവും, പ്രവൃത്തിയാൽ അദ്ദേഹം നൽകുന്ന സന്ദേശവും ഇതാണ്.

രണ്ടാമതായി, വ്യത്യസ്ത തരക്കാരായവരെ ഒരുപോലെ പരിഗണിക്കുന്നതോ, അല്ലെങ്കിൽ തുല്യനിലയിലുള്ളവരെ തുല്യമല്ലാത്ത വിധം പരിഗണിക്കുന്നതോ അസമത്വമാണ്. ഇതുകൂടാതെ, സമമല്ലാത്ത രീതിയിലുള്ള അധികാരവിനിയോഗവും അസമത്വമാണെന്നു ഞാൻ പറയും. ഒരു വ്യത്യാസവും ഞാൻ അവയ്ക്കിടയിൽ കാണുന്നില്ല. ഇവയുടെ അനന്തരഫലവും ഏറെക്കുറെ തുല്യമാണ്.

നിങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം വിനിയോഗിക്കുന്നത് തുല്യമല്ലാത്ത രീതിയിലാണെങ്കിൽ, അതായത് ഏതെങ്കിലും ഒരു സമൂഹത്തെ മാത്രം ലക്ഷ്യമാക്കി അധികാരം വിനിയോഗിച്ചാൽ, നിങ്ങൾ വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. എന്റെ അഭിപ്രായത്തിൽ, വിവേചനം എന്നതിന്റെ അംഗീകരിക്കപ്പെട്ട നിർവചനം ഇതാണ്. ഇതിനെക്കുറിച്ച് രണ്ട് അഭിപ്രായം ഇല്ല. ഇക്കാര്യം മനസ്സിലാക്കാൻ നിങ്ങൾ നിയമം, ഭരണഘടന, നീതിന്യായം എന്നിവയിൽ വിദഗ്ധൻ ആകേണ്ടതുമില്ല.

ഇനി ഞാൻ വിധിന്യായം വായിക്കാം. ഹിന്ദുസമൂഹത്തിൽ ഇടപെടുന്നതിനു സാർവ്വജനികമായി പറയുന്ന വാദമാണിത്. ഹൈന്ദവസ്ഥാപനങ്ങളുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ, സർക്കാർ, ജുഡിഷ്യറി (Executive, Government, Judiciary) എന്നീ ഭരണഘടനാ സ്ഥാപനങ്ങൾ പുലർത്തുന്ന മനോഭാവം എന്തെന്ന് ഇത് നിങ്ങളോടു പറയും.

1966-ലെ ഭരണഘടനാ സ്ഥാപനങ്ങളുടെ സമീപനം ശരിയാണോയെന്ന് നിശ്ചയിക്കേണ്ടത് നിങ്ങളാണ്. ആന്ധ്രപ്രദേശ് നിയമസഭ പാസാക്കിയ നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തു കൊണ്ട്, ഹർജിക്കാരനു വേണ്ടി സമർപ്പിക്കപ്പെട്ട അപേക്ഷ ഇനി പറയുന്നു.

അപേക്ഷ പ്രകാരം, ഹർജിക്കാരുടെ വിദഗ്ധസമിതിയുടെ വാദങ്ങളിലെ ഊന്നൽ, ഇന്ത്യൻ ഭരണഘടനയുടെ 25-26 ആർട്ടിക്കിളുകൾ മതകാര്യങ്ങളിൽ സ്വാതന്ത്ര്യം, അതായത് ഒരുവ്യക്തിക്കു ഇഷ്ടമുള്ള മതത്തിൽ വിശ്വസിച്ച് അത് ആചരിക്കാനും  പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം, എല്ലാ പൗരന്മാർക്കും ഒരുപോലെ ഉറപ്പുനൽകുന്നു എന്നതിലായിരുന്നു. ഹിന്ദുക്കളാണ് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾ. ഇവർക്കൊപ്പം മുസ്ലിങ്ങൾ, കൃസ്ത്യാനികൾ, പാർസികൾ തുടങ്ങിയ ന്യൂനപക്ഷ മതങ്ങൾക്കും ആർട്ടിക്കിൾ 25-26 പ്രകാരം ഭരണഘടനാപരമായ തുല്യഅവകാശങ്ങൾക്കു അർഹതയുണ്ട്. ന്യൂനപക്ഷമതങ്ങൾ നടത്തി പരിപാലിക്കുന്ന മത-ജീവകാരുണ്യ സ്ഥാപനങ്ങളുടേയും സ്വത്തുവകകളുടേയും ഭരണ-നിയന്ത്രണത്തിൽ ആരും ഇടപെടാനും പാടില്ല. എന്നാൽ ഹൈന്ദവ സ്ഥാപനങ്ങളുടെ മേൽ സർക്കാർ ഇടപെടലുകളുണ്ട്. ഹിന്ദുമത സ്ഥാപനങ്ങളുടെ ഭരണനിർവഹണം നിയന്ത്രിച്ചുകൊണ്ടുള്ള നിയമങ്ങൾ സർക്കാർ പാസാക്കുന്നത് സമത്വം ഉറപ്പാക്കുന്ന ഭരണഘടനയുടെ 14-15 ആർട്ടിക്കിളുകളുടെ ലംഘനമാണ്. അപേക്ഷയിൽ ഉന്നയിക്കപ്പെട്ടിരുന്ന വാദം ഇതാണ്. ആർട്ടിക്കിൾ 26 വഴി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഭൂരിപക്ഷമതത്തിന്റെ ഭാഗമായ ഒരു സമുദായത്തിനു, ഭൂരിപക്ഷമതത്തെ വർഗ്ഗമായി കണക്കിലെടുത്ത്, ആർട്ടിക്കിൾ 26 ഉറപ്പുനൽകുന്ന അവകാശങ്ങൾ ലഭ്യമാക്കണമെന്നു വാദിക്കപ്പെട്ടു. ഇതിലടങ്ങിയിരിക്കുന്ന അടിസ്ഥാന ആശയം എന്തെന്നാൽ, വൈഷ്‌ണവർ ആർട്ടിക്കിൾ 26-നാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, എല്ലാ ഹൈന്ദവർക്കും അതേ സംരക്ഷണത്തിനു തുല്യാർഹതയുണ്ട് എന്നാണ്. വൈഷ്‌ണവർ ഹൈന്ദവരിലെ ഒരു ഭാഗമാകുന്നതാണ് ഇതിനു കാരണം. വൈഷ്ണവരുടെ അധികാരപരിധിയിൽ വരുന്ന സ്ഥാപനങ്ങൾ, അവരുടെ മതവിശ്വാസത്തെ ഹനിച്ചുകൊണ്ട്, ഭരണകൂടനിയമത്തിനു വിധേയമാക്കാൻ പറ്റില്ല. ഹർജിക്കാരുടെ വാദം ഇങ്ങിനെ പോകുന്നു.

അടുത്തതായി, സുപ്രീംകോടതി പറഞ്ഞതെന്തെന്ന് നമുക്ക് നോക്കാം. ഭരണഘടനയുടെ മറ്റു മേഖലകളിൽ, സുപ്രീംകോടതി നടത്തിയിട്ടുള്ള വാദങ്ങളെ ഈ വിധിന്യായം ഓർമിപ്പിക്കും. മതങ്ങൾ, ജീവകാരുണ്യസംഘടനകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വത്തുവകകൾ എന്നിവയുടെ മേൽ ഒരുപോലെ പ്രയോഗിക്കാൻ പറ്റുന്ന നിയമങ്ങൾ നിയമനിർമാണസഭ പാസാക്കേണ്ടതുണ്ടോ എന്നതാണ് കോടതിയുടെ ഒന്നാമത്തെ ചോദ്യം. ഇത്തരം സ്ഥാപനങ്ങൾ സ്ഥാപിച്ച് പരിപാലിക്കുന്നവരിൽ എല്ലാ മതക്കാരുമുണ്ടല്ലോ.

ഇനിയാണ് മതേതരമായ പരിപ്രേക്ഷ്യം വരുന്നത്. ഇന്ത്യയെ പോലെ ബഹുസ്വരമായ ഒരു രാജ്യത്ത്, ജനങ്ങൾ വിവിധ മതവിശ്വാസങ്ങളിലോ അവയുടെ വകഭേദങ്ങളിലോ വിശ്വസിക്കുന്നുണ്ടാകും. ഭരണഘടന നിർമാണ സമയത്തു, വിവിധ ജാതി-മതങ്ങളിൽ ജനിച്ച ഇന്ത്യക്കാരെ ഒത്തൊരുമയോടെ എങ്ങിനെ കൊണ്ടുപോകുമെന്നതിൽ ഭരണഘടനാ ശില്പികൾ പ്രശ്നം നേരിട്ടു. ഭരണഘടനയുടെ നിർദ്ദേശക തത്ത്വങ്ങൾ (Directive Principles) തന്നെ ബഹുസ്വരതയെ ഉയർത്തിപ്പിടിച്ച്, വിവിധ മതവിശ്വാസികൾക്കിടയിൽ ഐക്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു. എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന വ്യക്തിനിയമം അത്യാവശ്യമാണെങ്കിലും, ഒറ്റയടിയ്ക്കു ആ നിയമം നടപ്പിലാക്കിയാൽ, അത് രാജ്യത്തിന്റെ അഖണ്ഢതയ്ക്കും ഐക്യത്തിനും വിഘാതമാകും. ജനാധിപത്യപരമായ നിയമസംവിധാനത്തിനു അകത്ത്, പുരോഗമനോന്മുഖമായ സാമൂഹികമാറ്റവും ക്രമവും സാവധാനമേ കൊണ്ടുവരാവൂ. ജനങ്ങളുടെ ചില ദുർബലവികാരങ്ങൾ മറ്റുള്ള കാര്യങ്ങളേക്കാൾ പ്രധാനമാണ്. നിയമനിർമാണവും, നിയമഭേദഗതിയും സാവധാനത്തിൽ നടക്കുന്ന പ്രക്രിയകളാണ്.  നിയമം ഏറ്റവും ആവശ്യമുള്ളത് എവിടെയാണോ അവിടെയായിരിക്കും ആദ്യം നിയമനിർമാണം നടക്കുക. ഇപ്രകാരം, ഹൈന്ദവ സ്ഥാപനങ്ങളുടെ കാര്യം വന്നപ്പോൾ നിയമപരിഹാരം വളരെ പ്രധാനമാണെന്നു കോടതിക്കു തോന്നി. ഇതാണ് ഭരണഘടനാ സ്ഥാപനങ്ങൾ ഇവിടെ പറയുന്ന യുക്തി. ബഹുസ്വരതയേയും മതേതരത്വത്തേയും വ്യാഖ്യാനിക്കുന്നത് ഇവ്വിധമാണ്. ഭരണഘടനാപരമായ ഉത്തരവുകളും മൂല്യങ്ങളും ഭാരതത്തിൽ നാം പ്രാബല്യത്തിൽ വരുത്തുന്നത് ഇങ്ങിനെയാണ്. ഇതിൽ നാം മനസ്സിലാക്കേണ്ട പോയിന്റ്, 1966-ലെ ഈ ചോദ്യം 2016-ലും പ്രസക്തമായി തുടരുന്നു എന്നതാണ്.

ഈ സാഹചര്യത്തിൽ, നിങ്ങൾക്കൊരു ചോദ്യം ചോദിക്കാൻ അർഹതയുണ്ട് – 50 വർഷങ്ങൾ കഴിഞ്ഞിട്ടും, മറ്റു സമൂഹങ്ങളും സമുദായങ്ങളും ഇത്തരം നിയമനിർമ്മാണങ്ങളോടു സഹകരിക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ല എന്നാണോ താങ്കൾ പറയുന്നത്? ഇതെല്ലാം നടന്നത് 1966-ലാണ്. നാം ഇന്നു ജീവിക്കുന്നത് 2016-ലാണ്. സ്വാതന്ത്ര്യം കിട്ടി 19 കൊല്ലം കഴിഞ്ഞ 1966-ൽ നിങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്, ഹൈന്ദവസ്ഥാപനങ്ങൾ എന്നതിനു കൂടുതൽ വിശദീകരണം വേണമെന്നാണ്. ഇപ്പോൾ ആ വിധിന്യായം വന്ന് 50 കൊല്ലത്തിനു ശേഷവും, സാഹചര്യങ്ങൾ പ്രകാരം, ഹൈന്ദവർക്കു മാത്രമേ വിശദീകരണം ആവശ്യമുള്ളൂ, മറ്റു മതവിഭാഗങ്ങൾക്കു വേണ്ട എന്നാണോ നിങ്ങൾ പറയുന്നത്?

ആന്ധ്രപ്രദേശിലെ ഹൈന്ദവ മതസ്ഥാപനങ്ങൾക്കു ബാധകമായ 1987-ലെ നിയമനിർമ്മാണത്തിന്റെ അടിസ്ഥാനം, ജസ്റ്റീസ് ചല്ല കോണ്ടയ്യ-യുടെ (Challah Kondiah) റിപ്പോർട്ടാണ്. ഈ മൂലരേഖ എല്ലാ ജനങ്ങളും വായിച്ചിരിക്കേണ്ട ഒന്നാണ്. ഈ രേഖ (പറയുന്നതിൽ ഞാൻ ഖേദിക്കുന്നു) എല്ലാതരം നീതി, യുക്തിപരത എന്നിവയെ അവഹേളിക്കുകയും, ഭൂരിപക്ഷ സമുദായത്തിന്റെ ക്ഷമയേയും അന്തസ്സിനേയും കണക്കിലെടുക്കാതിരിക്കുകയും ചെയ്യുന്നു. ഇങ്ങിനെ പറയാൻ കാരണമുണ്ട്. ക്ഷേത്രങ്ങളും മതസ്ഥാപനങ്ങളും ഉൾപ്പെടെയുള്ള ഹൈന്ദവ സ്ഥാപനങ്ങളിലാണ് അഴിമതിയും മറ്റും ഉണ്ടാകുന്നത്, അല്ലെങ്കിൽ ഏതാനും തവണ ഉണ്ടായത് എന്നു ആ രേഖ അസന്നിഗ്ദമായി പറയുന്നു. ഈ സ്ഥാപനങ്ങൾ, ആകെ ജനസംഖ്യയുടെ 80 ശതമാനത്തോളമുള്ള മതവിശ്വാസികളുടെ ആയതിനാൽ, ആ ക്രമക്കേടുകൾ പരിഹരിക്കപ്പെട്ടാൽ, ബാക്കിയുള്ള 20 ശതമാനത്തിന്റെ മതസ്ഥാപനങ്ങളും നിയമത്തിനു വഴങ്ങുമത്രെ. എത്ര സുന്ദരമായ യുക്തിപാടവം!

പടിഞ്ഞാറൻ പാക്കിസ്ഥാൻ കിഴക്കൻ പാക്കിസ്ഥാനോടു അനുവർത്തിച്ച യുക്തിയിൽനിന്നു ഇതെങ്ങിനെ വ്യത്യസ്തമാകുന്നെന്ന് എനിക്കറിയില്ല. 30 ലക്ഷം ജനങ്ങളെ ഉന്മൂലനം ചെയ്യുക. പിന്നെ ബാക്കിയുള്ളവർ നിങ്ങളെ അനുസരിക്കും. ഇത്തരം നിർദ്ദേശങ്ങളാണ് ജനറൽ ടിക്ക ഖാന് നൽകിയിരുന്നത്.

ഭരണഘടനാ സ്ഥാപനങ്ങളുടെ ഇത്തരം മനോഭാവം ചോദ്യം ചെയ്യപ്പെടണം. ഞാൻ ഉന്നയിക്കുന്ന കാര്യമിതാണ്.ചർച്ചയുടെ വിഷയം ഞാൻ അല്പംകൂടി വ്യക്തമാക്കുന്നു. ഒന്ന്, ഭരണഘടനാവിരുദ്ധമായ എന്തെങ്കിലും കാര്യം ചെയ്യാൻ നാം ഭരണകൂടത്തോടു പറയുന്നില്ല. രണ്ട്, നമ്മുടെ ആവശ്യം നിവർത്തിച്ചുകിട്ടാൻ ഭരണഘടനാ ഭേദഗതിയോ മറ്റോ ആവശ്യമില്ല. ഇന്നുള്ള ഭരണഘടനയുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിനിന്നു കൊണ്ടുതന്നെ ഇതു ചെയ്യാനാകും. വിപ്ലവകരമോ പെട്ടെന്നുള്ളതോ ആയ ഒരു മാറ്റിമറിക്കലും ഭരണഘടനയിൽ നടത്തേണ്ട കാര്യമില്ല. ഇക്കാര്യങ്ങൾ നാം വ്യക്തമായും മനസ്സിലാക്കണം.

നാം പറയുന്നത് ഇത്രമാത്രം – ഒന്നുകിൽ എല്ലാവരുടേയും മതസ്ഥാപനങ്ങളിൽ ഒരുപോലെ ഇടപെടുക, അല്ലെങ്കിൽ ആരുടേയും മതസ്ഥാപനങ്ങളിൽ ഇടപെടാതിരിക്കുക. നിങ്ങൾ ഞങ്ങളുടെ സ്ഥാപനങ്ങളിൽ ഇടപെടാൻ തീരുമാനിച്ചെങ്കിൽ, മറ്റുള്ളവരുടേയും സ്ഥാപനങ്ങളിൽ ഇതുതന്നെ ചെയ്യാൻ ആരംഭിക്കുക. എന്നിട്ടേ ഭരണഘടന അനുശാസിക്കും പോലെ ഞങ്ങളുടെ സ്ഥാപനങ്ങളിൽ ഇടപെടാൻ നിങ്ങൾക്കു അർഹതയുള്ളൂ.

Source Article : https://indictales.com/2017/01/23/discrimination-against-hindu-institutions-executive-and-judiciary/

Welcome to Haindava Keralam! Register for Free or Login as a privileged HK member to enjoy auto-approval of your comments and to receive periodic updates.

Leave a Reply

Your email address will not be published. Required fields are marked *

 characters available

five + thirteen =

Responses

Latest Articles from Kerala Focus

Did You Know?