അമേരിക്കന്‍ പ്രൊഫസര്‍ ജോണ്‍ ഗ്രൈംസിന് ഭഗവാന്‍ ഗണേശന്‍ കൊടുത്ത ദിവ്യാനുഭവം

By Krishna published on December 10, 2019

(ഹിന്ദു പുരാണ കഥകള്‍ വെറും കെട്ടു കഥകളാണ് എന്നാണ് പൊതുവേ വളര്‍ത്തി കൊണ്ടു വന്നിട്ടുള്ള പൊതുബോധം. ഹിന്ദു വിശ്വാസങ്ങളെ പുച്ഛിക്കുന്ന മതഭ്രാന്തന്മാര്‍ മാത്രമല്ല ഇതു പറയാറുള്ളത്. വിശ്വാസികളായ ഹിന്ദുക്കളും ഈ കെണിയില്‍ വീണുപോയിട്ടുണ്ട്. ശരിയാണ് ഹിന്ദുപുരാണങ്ങളില്‍ ധാരാളം കഥകള്‍ ഉണ്ട്. അവയില്‍ ചരിത്രവും പ്രതീകാത്മകതയും അതീന്ത്രിയാനുഭവങ്ങളും എല്ലാം കൂടിക്കലര്‍ന്നിരിക്കുന്നു. മറ്റു രീതികളില്‍ ബോദ്ധ്യപ്പെടുത്തി തരാനാവാത്ത ആത്മീയനുഭവങ്ങളെയും തത്വങ്ങളെയും പ്രതീകങ്ങളാക്കി അവതരിപ്പിക്കുന്ന ശൈലിയാണ് ഋഷിമാര്‍ സ്വീകരിച്ചിരുന്നത്. അവയില്‍ ചിലതെങ്കിലും ഉപാസനയിലൂടെയും തപസ്സിലൂടെയും അനുഭവിച്ചറിയേണ്ട തത്വങ്ങളാണ്. ഗുരൂപദേശം അനുസരിച്ചുള്ള സാധനാ ഉപാസനകളിലൂടെ  പാകമായി മനസ്സും ബുദ്ധിയും പ്രാപഞ്ചിക തത്വങ്ങളുമായി താദാത്മ്യപ്പെടുമ്പോള്‍ അതെല്ലാം അനുഭവ വേദ്യമാകുന്നു. ശ്രീ സത്യസായി ബാബയുടെ ഒരു ഭക്തന്‍ അദ്ദേഹത്തില്‍ നിന്നും ലഭിച്ച ഉപദേശം അനുസരിച്ച് ജീവിച്ചതിനെ തുടര്‍ന്ന് നേടിയ ആത്മീയാനുഭവത്തിന്‍റെ കഥയാണ് താഴെ കൊടുക്കുന്നത്. ഹിന്ദു പുരാണങ്ങള്‍ വെറും കെട്ടു കഥകളല്ല. അനുഷ്ഠിച്ച് അനുഭവിക്കേണ്ട തത്വഖനികളാണ്, റേഡിയോ സായിയുടെ പ്രതിനിധിയോട് പ്രൊഫസര്‍ ജോണ്‍ ഗ്രൈംസ് നടത്തിയ സംഭാഷണത്തിന്‍റെ മലയാള പരിഭാഷ ഇവിടെ വായിക്കാം)

ഞാന്‍ അമേരിക്കയില്‍ പ്രൊഫസര്‍ ആയിരുന്നു. ഒരിക്കല്‍ ഗണപതിയെക്കുറിച്ചുള്ള രണ്ടു ദിവസത്തെ കോഴ്സുകള്‍ എടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടു.  അങ്ങനെയെങ്കില്‍ ഒരു ഗവേഷണം ചെയ്തുന്നതായിരിക്കും നല്ലതെന്ന് എനിക്കു തോന്നി. അങ്ങനെ ഞാന്‍ മഹാരാഷ്ട്രയില്‍ വന്നു. അവിടെ പൂനാ നഗരത്തിനു ചുറ്റുമായി ഒരു മണ്ഡലം പോലെ അഷ്ടഗണപതി മൂര്‍ത്തികളുടെതായി എട്ട് ക്ഷേത്രങ്ങള്‍ ഉണ്ട്. അവിടെ എല്ലായിടത്തും കൂടി കറങ്ങിവരാന്‍ ഒരു നാനൂറു കിലോമീറ്റര്‍ ദൂരം ഉണ്ടാവും. ഞാനും എന്‍റെ കുടുംബവും കൂടി ഈ എട്ടു ക്ഷേത്രങ്ങളിലും പോയി. പിന്നെ നമ്മള്‍ ഒരു യോഗിയുടെ സമാധി ക്ഷേത്രത്തില്‍ എത്തി. അതിനടുത്തായി അവിടെ ഭൂമിക്കടിയില്‍ ധ്യാനത്തിനായി ഒരു ഗുഹ നിര്‍മ്മിച്ചിട്ടുണ്ട്. ഞാന്‍ ഗുഹയ്ക്കുള്ളില്‍ ചെന്നു. അവിടെ ഒരു ചെറിയ എണ്ണവിളക്കല്ലാതെ വേറെ മൂര്‍ത്തികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഞാന്‍ അവിടെ ഇരുന്നു. എന്‍റെ കണ്ണുകള്‍ അരണ്ട വെളിച്ചവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ആ കാഴ്ച കണ്ടു. ഒരു ചുവരില്‍ ചാരി ഗണപതിഭഗവാന്‍ നില്‍ക്കുന്നു ! അഞ്ചോ ആറോ അടി ഉയരം ഉണ്ടാവും. ഞാന്‍ ഇരിക്കുകയാണ്. ഭഗവാന്‍ നില്‍ക്കുന്നു.  അദ്ദേഹത്തിന്‍റെ വലതു കാല്‍ ഇടതു കാലിനു കുറുകേ പിണച്ചു വച്ച് ശ്രീകൃഷ്ണന്‍ നില്‍ക്കുന്ന പോലെയാണ് നില്‍ക്കുന്നത്. വലതു കൈയില്‍ അഭയ മുദ്രയും ഇടതു കൈയ്യില്‍ ഗദയും കാണുന്നു. ഞാന്‍ ഭഗവാനെ സൂക്ഷിച്ചു നോക്കി. ആ സമയത്ത് ഞാന്‍ ഗണപതിയെ കുറിച്ച് ധാരാളം പഠനം നടത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അദ്ദേഹത്തിന് വലിയ ബ്രൌണ്‍ കണ്ണുകളായിരുന്നു. മൂര്‍ത്തികളെ കുറിച്ചുള്ള എന്‍റെ ധാരണ വച്ച് അങ്ങനെ ആവാന്‍ കഴിയുമായിരുന്നില്ല. ഗണപതിക്ക് ചെറിയ കണ്ണുകളാണ് കണ്ടിട്ടുള്ളത്. ആനയ്ക് വലിയ തലയും ചെറിയ കണ്ണുകളുമാണുള്ളത്. ഞാന്‍ അദ്ദേഹത്തെ നോക്കി. തലയില്‍ കിരീടമുണ്ട്. കഴുത്തില്‍ ഒരു മാലയുണ്ട്. മഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്‍റെ കണ്ണുകളിലും അദ്ദേഹം എന്‍റെ കണ്ണുകളിലും നോക്കുന്നു. എന്‍റെ കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്ത് ഞാന്‍ വ്യക്തമായും ഭഗവാനെ കാണുന്നുണ്ടായിരുന്നു. ഭഗവാന്‍ തന്‍റെ വലതു കൈയ്യിലെ അഭയമുദ്രയില്‍ ചെറുവിരല്‍ ഒഴികെയുള്ള വിരലുകള്‍ മടക്കുന്നു. എന്നിട്ട്  ഉയര്‍ന്നു കാണുന്ന ചെറു വിരല്‍ ചെറുതായി ഒന്നു കറക്കി. അതോടെ ചെറുവിരലിന് ചുറ്റുമായി പ്രകാശത്തിന്‍റെ ഒരു ചകം കാണായി വന്നു. ആ ചക്രത്തിനു മുകളില്‍ യോഗികള്‍ പത്മാസനത്തില്‍ ഇരിക്കുന്നു. ഭഗവാന്‍ ചെറുവിരല്‍ ഒന്നു തെറിപ്പിച്ചു. ആ പ്രകാശ ചക്രം വിരലില്‍ നിന്നും വേര്‍പെട്ടു പറന്ന് എന്‍റെ നേരെ പുറപ്പെട്ടു. അതോടെ ചക്രത്തിനു മുകളില്‍ ഇരുന്നിരുന്ന യോഗികള്‍ നീര്‍ക്കുമിളകള്‍ പോലെ ഉയര്‍ന്ന് അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു. ഇതെല്ലാം സംഭവിച്ചത് എനിക്ക് പൂര്‍ണ്ണ ബോധത്തോടെ ഞാന്‍ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ആ പ്രകാശചക്രം പറന്നു വന്ന് എന്‍റെ നെറ്റിയില്‍ തട്ടി. അടുത്ത ഒന്നര ദിവസം ഞാന്‍ ആനന്ദത്തിന്‍റെ കൊടുമുടിയിലായിരുന്നു. അവിടം കൊണ്ട് കഥ തീര്‍ന്നില്ല. ആ സമാധി ക്ഷേത്രത്തില്‍ വരുന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അദ്ദേഹം ഗണേശ ഉപാസകന്‍ ആയിരുന്നു എന്നും എനിക്ക് വേണമെങ്കില്‍ അദ്ദേഹത്തോട് എനിക്കുള്ള സംശയങ്ങള്‍ ചോദിക്കാമെന്നും ഞാന്‍ മനസ്സിലാക്കി. അടുത്ത ദിവസം അദ്ദേഹം വന്നു. എന്താണ് എന്‍റെ ചോദ്യങ്ങള്‍ എന്നദ്ദേഹം ചോദിച്ചു. എനിക്ക് ഒരു ചോദ്യമേ ഉള്ളൂ എന്ന് ഞാന്‍ പറഞ്ഞു. “വലതു  കൈയ്യില്‍ അഭയ മുദ്രയും ഇടതു കൈയ്യില്‍ ഗദയും ധരിച്ച രണ്ടു കൈകളുള്ള ഗണപതിയുടെ രൂപം താങ്കള്‍ക്ക് അറിയാമോ ?” അദ്ദേഹം എന്നെ താല്‍പ്പര്യത്തോടെ നോക്കിയിട്ട് ചോദിച്ചു “താങ്കള്‍ക്ക് ഈ ഗണപതി രൂപത്തെക്കുറിച്ച് എങ്ങനെ അറിയാം ?”

“ഞാന്‍ അതു പറയില്ല” ഞാന്‍ പ്രതിവചിച്ചു. “താങ്കള്‍ക്ക് ഇതിനെക്കുറിച്ച് എന്തറിയാം ?”

ഗണപതിയുടെ വിഗ്രഹങ്ങള്‍ നോക്കുകയാണെങ്കില്‍ എല്ലാം കൂടി മുപ്പത്തിരണ്ട് രൂപങ്ങള്‍ ഉണ്ട്. അവയെല്ലാം തന്നെ നാലോ അതില്‍ കൂടുതലോ കൈകളുള്ള രൂപങ്ങളാണ്. ഭാരതം മൊത്തം എടുത്താല്‍, ഒരേയൊരു സ്ഥലത്താണ് രണ്ടു കൈകളുള്ള ഗണപതി ഉള്ളതായി എനിക്ക് അറിയാവുന്നത്. അത് കര്‍ണ്ണാടകയിലാണ്. രാവണന്‍ ഗണപതിയുടെ കൈയ്യില്‍ ശിവലിംഗം ഏല്‍പ്പിച്ചിട്ട് നിലത്തു വയ്ക്കരുതെന്നും അങ്ങനെ ചെയ്താല്‍ അത് പിന്നെ അനങ്ങില്ല എന്നും പറയുന്നു. എന്നിട്ട് രാവണന്‍ ശൌച കര്‍മ്മങ്ങള്‍ക്ക് പോകുന്ന സമയത്ത് ഗണപതി ശിവലിംഗം താഴെ വയ്ക്കുന്നു. അവിടെ മാത്രമാണ് രണ്ടു കൈകളുള്ള ഗണപതിയെ കാണുന്നത്. അദ്ദേഹം വീണ്ടും ചോദിച്ചു.  “അപ്പോള്‍ പിന്നെ നിങ്ങള്‍ക്ക് ഈ ഗണപതിയെ പറ്റി എങ്ങനെ അറിയാം ?”

“ഞാനത് പറയില്ല” വീണ്ടും ഞാന്‍ പ്രതിവചിച്ചു. “താങ്കള്‍ക്ക് ഇതിനെ പറ്റി എന്തറിയാം ?”

നമുക്ക് ഗണേശനെ കുറിച്ച് രണ്ടു പുരാണങ്ങള്‍ ഉണ്ട്. ഒന്ന് ഗണേശപുരാണം. മറ്റൊന്ന് മുദ്ഗാല മഹര്‍ഷി എഴുതിയ മുദ്ഗാല പുരാണം. മുദ്ഗാല പുരണത്തില്‍ പറയുന്നത് കലിയുഗത്തില്‍ നാലു കൈകളുള്ള മഹാഗണപതിക്കായിരിക്കും പ്രസിദ്ധി എന്നാണ്. തന്‍റെ കൈകളില്‍ പാശം, അങ്കുശം, മോദകം, അഭയമുദ്ര എന്നിവ ധരിച്ച മഹാഗണപതി. ചിലപ്പോള്‍ മോദകത്തിനു പകരം മുറിഞ്ഞ തന്‍റെ കൊമ്പാണ് കൈയ്യില്‍ കാണുക. എന്തായാലും നാലു കൈകള്‍ ഉണ്ടാകും. എന്നാല്‍ കലിയുഗത്തില്‍ കുറേക്കാലം പിന്നിടുമ്പോള്‍ അദ്ദേഹം രണ്ടു കൈകളുള്ള അവതാരം എടുക്കും എന്ന് പറയുന്നു. ഒരു  കൈയ്യില്‍ അഭയ മുദ്രയും മറ്റേ കൈയ്യില്‍ ഗദയും ധരിച്ച രൂപമാണ് പറയപ്പെട്ടിരിക്കുന്നത്. എന്‍റെ ചോദ്യം, എനിക്കെങ്ങനെ ഈ രൂപം കാണാന്‍ കഴിഞ്ഞു എന്നതാണ്. ഞാന്‍ അതിനു മുമ്പ് ഒരിയ്ക്കലും ഇത് കേട്ടിട്ടുണ്ടായിരുന്നില്ല, ഒരിയ്ക്കലും ഒരിടത്തും വായിച്ചിട്ടുണ്ടായിരുന്നില്ല, അതിനു മുമ്പ് അത്തരം ഒരു ഗണേശവിഗ്രഹവും കണ്ടിട്ടുമില്ല. എന്നാല്‍ ഭഗവാന്‍ ആ രൂപത്തില്‍ കലിയുഗത്തില്‍ വരുമെന്ന് പുരാണത്തില്‍ എഴുതിയിരിക്കുന്നു. അത് എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാന്‍ എനിക്കറിഞ്ഞുകൂട. എന്നാല്‍ അങ്ങനെയൊരു അനുഭവമുണ്ടായി എന്നത് സത്യമാണ്. അത്  ഏറ്റവും ആശ്ചര്യകരമായി തോന്നുന്നു.

Photo by Aarti Vijay from Pexels

Welcome to Haindava Keralam! Register for Free or Login as a privileged HK member to enjoy auto-approval of your comments and to receive periodic updates.

Leave a Reply

Your email address will not be published. Required fields are marked *

 characters available

twenty − fifteen =

Latest Articles from Dharma Smriti

Did You Know?