​നൂറു ദിനങ്ങൾ, നൂറു ദുരിതങ്ങൾ

published on September 2, 2016

Screenshot_20160902-074945

1. (മെയ് 25) –  ഖജനാവ് കാലിയാണെന്ന് പറഞ്ഞവർ, ഇന്ത്യയിലങ്ങോളമിങ്ങോളം മുഴുപേജ് പരസ്യത്തിനായി  കോടികൾ ചിലവഴിച്ച് ധൂർത്തോട് കൂടി ഭരണം തുടങ്ങി.
2.(മെയ് 26)  കേരളത്തിലെല്ലായിടത്തും  രാഷ്ട്രീയ സംഘട്ടനങ്ങളും കൊള്ളയും കൊള്ളിവെപ്പും നടന്ന ദിനം. പിണറായി മുഖ്യമന്ത്രിയായതിലുള്ള ആഘോഷപ്രകടനങ്ങളാണ് പലയിടത്തും അഴിഞ്ഞാട്ടമായി മാറിയത്.
3. (മെയ് 27) – സർക്കാറിന്റെ ഭാഗമായി കാബിനറ്റ് റാങ്കോടുകൂടിയ പദവിയും പാർട്ടിയിൽ സ്ഥാനവും വേണമെന്ന ആവശ്യം ഒരു കുറിപ്പായി  വി എസ് അച്ചുതാനന്ദൻ യെച്ചൂരിയുടെ പോക്കറ്റിലേക്ക് ഇട്ടു കൊടുത്തത് ഇന്നാണ്.
4. (മെയ് – 28) – മുല്ലപ്പെരിയാർ അണക്കെട്ടിൽ പിണറായി നിലപാട് മാറ്റിയ ദിനം. തമിഴ് നാടിന്   സുപ്രീംകോടതിയിൽ സഹായകരമാവുന്ന രീതിയിൽ പുതിയ അണക്കെട്ടിൻറെ ആവശ്യമില്ലെന്ന് തീരുമാനിച്ചു.
5. (മെയ് – 29) – കൺസ്യൂമർ ഫെഡിൽ 110  കോടിയുടെ അഴിമതി നടത്തിയതിനു പിരിച്ചുവിടപ്പെട്ട സി പി എം യൂണിയൻ നേതാവിനെ തിരിച്ചെടുക്കുന്ന ഉത്തരവിൽ  പിണറായി മന്ത്രിസഭ ഒപ്പുവെച്ചത് ഇന്നാണ്. സർക്കാറിന്റെ ആദ്യ ഫയൽ നീക്കം  ഇതായിരുന്നു.
6. (മെയ് 30) – ആതിരപ്പളളി പദ്ധതിയുടെ കാര്യത്തിൽ പിണറായി നിലപാട് മാറ്റിയ ദിനം. പദ്ധതിയെ എതിർക്കുന്നത് പരിസ്ത്ഥിതി മൗലീക വാദികളാണെന്ന് പിണറായി പ്രഖ്യാപിച്ചു.
7. (മെയ് 31) – ഏറ്റവും നല്ല ഉദ്യോഗസ്ഥനായ, പോലീസിൻറെ ജനകീയ മുഖമായിരുന്നു ടി പി സെൻകുമാറിനെ പിണറായി സ്ഥലം മാറ്റിയത് ഇന്നാണ്. പാർടിയുടെ അജണ്ട പോലീസിൽ നടപ്പിലാക്കാൻ സെൻകുമാർ വിലങ്ങുതടിയാകുമോ എന്ന ആശങ്കയായിരുന്നു കാരണം.
8. (ജൂൺ 1) – വിദ്യാഭ്യാസ മന്ത്രി രവീന്ദ്രൻ തൻറെ സുഹൃത്തിനെ വിരമിക്കാൻ രണ്ടു മണിക്കൂർ മാത്രമുള്ള സമയത്ത് പ്രിൻസിപ്പാളായി സ്ഥാനക്കയറ്റം നൽകി. പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനധികൃതമായി നേടിയെടുക്കാൻ  വേണ്ടി നടത്തിയ നീക്കം. വിദ്യാഭ്യാസ മന്ത്രിയുടെ ആദ്യ ഉത്തരവ് ഇറങ്ങിയ ദിനമാണ് ഇന്ന്.

 

9. (ജൂൺ 2) – കോട്ടയത്ത്  പെൺകുട്ടിയെ ഒരു സംഘം മയക്കുമരുന്ന് മണപ്പിച്ച് തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം നടത്തി. കൊല്ലത്ത് സ്‌കൂളിൽ  തൂൺ തകർന്നു വീണ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു.
10. (ജൂൺ 3) – സ്പീക്കർ തിരഞ്ഞെടുപ്പിൽ ബി ജെ പി അംഗം രാജഗോപാലിന്റെ വോട്ട് എൽ ഡി എഫിന് ലഭിച്ചത് ഇന്നാണ്.
11. (ജൂൺ 4 ) – വിദേശ സർവകലാശാലകൾ കേരളത്തിലേക്ക്‌ വരുന്നതിനെയും കോളേജുകൾക്ക്‌ നൽകിയ സ്വയംഭരണപദവിയും സ്വാഗതം ചെയ്യുന്നൂവെന്ന് വിദ്യാഭ്യാസ മന്ത്രി രവി. വിദേശ സർവകലാശാലയുടെ സെമിനാറിനു പോയ ടി പി ശ്രീനിവാസനെ എസ് എഫ് ഐ ഗുണ്ടകൾ തടഞ്ഞതും അയാളെ അടിച്ച്‌ വീഴ്ത്തിയതും മന്ത്രി മറന്ന ദിനം.
12. (ജൂൺ 5) – ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മരണം കേരളത്തിനു തീരാ നഷ്ടമാണെന്നു ഇ പി ജയരാജൻ. മലയാളികൾ ലോകത്തിന് മുമ്പിൽ നാണം കെട്ടത് ഇന്നാണ്.
13. (ജൂൺ 6) –  വിവരാവകാശ രേഖ പ്രകാരം മന്ത്രിസഭാ തീരുമാനങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചപ്പോൾ,  അത് ജനങ്ങൾക്ക് നല്കേണ്ട ആവശ്യമില്ലെന്ന മറുപടി പിണറായി സർക്കാറിൽ നിന്ന്  ലഭിച്ചത്  ഇന്നായിരുന്നു.
14. (ജൂൺ 7) – സർക്കാറിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പിണറായി നൽകിയ ഉത്തരവിന് മറുപടി ലഭിച്ച ദിനം. കാര്യമായ ഒഴിവുകളൊന്നുമില്ലെന്ന മറുപടിയാണ് കിട്ടിയത്. മുൻ യു ഡി എഫ് സർക്കാറിന് മേൽ ആരോപിച്ചിരുന്ന അപ്രഖ്യാപിത നിയമനനിരോധനം തകർന്നത് ഈ റിപ്പോർട്ട് പുറത്ത് വന്നപ്പോഴായിരുന്നു.
15. (ജൂൺ 8) – മലാപ്പറമ്പ് സ്‌കൂളിലെ ജനകീയ പ്രക്ഷോഭത്തെ പഞ്ചസാര വാക്കുകൾകൊണ്ട് തെറ്റിദ്ധരിപ്പിച്ച് നിർത്തിക്കാൻ വിദ്യാഭ്യാസ മന്ത്രിക്ക് കഴിഞ്ഞു.  സ്‌കൂൾ പൂട്ടുകയും ചെയ്തു. സ്‌കൂൾ സർക്കാർ ഏറ്റെടുത്തെന്ന പ്രഖ്യാപനം, പിന്നീട് സർക്കാർ തന്നെ തിരുത്തി.

 

16. (ജൂൺ 9) – നാൽപതിനായിരം രൂപയുടെ വിമാന ടിക്കറ്റിന്റെ ചില്ലറ  കണക്ക് പറഞ്ഞു ഇന്ത്യയുടെ അഭിമാന താരം അഞ്‍ജു ബേബി ജോർജ്ജിനെ അപമാനിച്ച ദിനം. പകരം പാർട്ടിക്കാരനായ ടി പി ദാസനെ തിരുകികയറ്റാൻ നടത്തിയ നാടകം.
17. (ജൂൺ 10) – ലോകായുക്ത പ്രതി ചേർത്ത് നോട്ടീസയച്ച പിണറായി മന്ത്രിസഭയിലെ ആദ്യ മന്ത്രിയെന്ന ഖ്യാതി മന്ത്രി രവീന്ദ്രൻ നേടിയ ദിനം. സുഹൃത്തിനെ ഒരു മണിക്കൂർ പ്രിന്സിപ്പാളാക്കിയ കേസിലാണ് നടപടി.
18. (ജൂൺ 11) – കേരളത്തിൽ തക്കാളി, പച്ചക്കറി വില കുത്തിച്ചുയരാൻ തുടങ്ങി. അഞ്ച് വർഷത്തേക്ക് വിലക്കയറ്റമില്ലെന്ന എൽ ഡി എഫ് വാഗ്‌ദാനം വഞ്ചനയായിരുന്നെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ ദിനം.
19. (ജൂൺ 12) – കേരളത്തിൽ സെറിബ്രൽ മലേറിയ, ഫാൾസിപാരം മലേറിയ പോലെയുള്ള മലമ്പനികളും പകർച്ചവ്യാധികളും  പടർന്നു പിടിക്കാൻ തുടങ്ങി. ആരോഗ്യരംഗത്തും ഫണ്ടില്ലെന്ന കാരണം പറഞ്ഞു അപ്രഖ്യാപിത സ്തംഭനം.
20. (ജൂൺ 13) – ഗെയിൽ വാതക പൈപ്പ് ലൈൻ നടപ്പാക്കുക തന്നെ ചെയ്യുമെന്നും, എതിർവാദമുയർത്തുന്നവരോടും ഭൂമി നഷ്ടപ്പെടുന്നവരോടും ഒരു ചർച്ചയുമില്ലെന്നുമുള്ള ധാർഷ്ട്യം നിറഞ്ഞ പിണറായിയുടെ പ്രസ്താവന വന്നത് ഇന്നാണ്.
21. (ജൂൺ 14) – മാധ്യമ പ്രവർത്തകരെ കോടതി മുറ്റത്ത് ആർ എസ് എസുകാർ ആക്രമിച്ചത് ഇന്നാണ്. പോലീസിനും സർക്കാറിനും നേരെ ഭീഷണിയും മുഴക്കി. പ്രതികൾ പുറത്ത് വിലസി നടക്കുന്നു.
22. (ജൂൺ 15) – ഷിബിൻ വധക്കേസിൽ കോടതി വെറുതെ വിട്ടവരെ കൊല്ലുകതന്നെ ചെയ്യുമെന്ന് സി പി എം അണികളും നേതാക്കളും ഫേസ്‌ബുക്കിൽ ഭീഷണി പോസ്റ്റുകൾ നിറച്ചത് ഇന്നായിരുന്നു. സർക്കാർ പക്ഷെ, ഒന്നും ചെയ്തില്ല.
23. (ജൂൺ 16) – കൊല്ലം കളക്ട്രേറ്റ് വളപ്പിൽ ബോംബ് സ്ഫോടനം. പോലീസ് ഇന്നും ഇരുട്ടിൽ തപ്പുന്നു.
24. (ജൂൺ 17) – ജിഷ കൊലക്കേസ് പ്രതിയെ പോലീസ് പിടിക്കുന്നു. യു ഡി എഫ് ഭരണ സമയത്ത് പോലീസ് കണ്ടെത്തിയ തെളിവുകളിൽ നിന്നാണ് പ്രതിയിലേക്ക് എത്തിയത്. പല ചോദ്യങ്ങളും സംശയങ്ങളും ബാക്കിയാണെങ്കിലും, തിരഞ്ഞെടുപ്പ് സമയത്ത് എൽ ഡി എഫ് നടത്തിയ രാഷ്ട്രീയ മുതലെടുപ്പ്കൊണ്ട് ശ്രദ്ധേയമായ കേസ്.
25. (ജൂൺ 18) – പാർട്ടി ഓഫീസ് ആക്രമിച്ചെന്ന കള്ളക്കേസ് ചുമത്തി രണ്ടു ദളിത് സഹോദരികളെയും ഒരു കൈകുഞ്ഞിനേയും പിണറായിയുടെ പോലീസ് ജയിലിലടച്ചത് ഇന്നാണ്. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പിന്നീടവരെ വിട്ടയച്ചു. ഒരു യുവതി ആത്മഹത്യക്ക് ശ്രമിച്ചു.
26. (ജൂൺ 19) – എയർ കേരള അജണ്ടയിലില്ലെന്ന് പിണറായി പ്രസ്താവിച്ച ദിനം. ചുരുങ്ങിയ ചിലവിൽ യാത്രയെന്ന  പ്രവാസികളുടെ സ്വപ്നത്തിന്മേലാണ്  ആണിയടിച്ചത്.
27. (ജൂൺ 20) – ഡെങ്കി പനിയും വയറിളക്കവും കേരളത്തിൽ പടർന്നു പിടിക്കുന്നു. ആവശ്യത്തിനുള്ള മരുന്നുകൾ ആശുപത്രിയിൽ കിട്ടാനില്ല.
28. (ജൂൺ 21) – യോഗദിനത്തിൽ കീർത്തനം പാടില്ലെന്ന മന്ത്രിയുടെ പ്രസ്താവന വിവാദമാവുന്നു. അനാവശ്യ വിവാദങ്ങളും പ്രസ്താവനകളുമിറക്കി ഭരണ രംഗത്തെ പോരായ്മകൾ മറക്കാനുള്ള ശ്രമം.
29. (ജൂൺ 22) – മലയാളി വിദ്യാർത്ഥിനി കർണാടകയിലെ കോളേജിൽ ക്രൂരമായ റാഗിങ്ങിന് ഇരയായ വാർത്ത വരുന്നു. പല പ്രതികളും ഇന്നും പിടികികിട്ടാ പുള്ളികൾ. സർക്കാർ വേണ്ടത്ര ശ്രദ്ദിച്ചില്ല.
30. (ജൂൺ 23) – മന്ത്രിമാർക്ക് പൈലറ്റ്‌ വാഹനവും പോലീസ്‌ എസ്കോർട്ടും ഉണ്ടാവില്ലെന്ന പ്രഹസനമായ പ്രഖ്യാപനം വന്നത് ഇന്നായിരുന്നു. പെട്ടെന്ന് തന്നെ പറഞ്ഞതൊക്കെ കാറ്റിൽ പറത്തേണ്ടി വന്നു.
31. (ജൂൺ 24) – കുട്ടിമാക്കൂൽ സംഭവത്തിലെ ദളിത് യുവതിയുടെ വീട്ടിലെ നായയെ വിഷം കൊടുത്ത് കൊന്നു. പാർട്ടിയുടെ പ്രതികാര ആക്രമണങ്ങൾ തുടരുന്നു. ആദ്യമായല്ല കൈകുഞ്ഞു ജയിലിൽ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി.
32. (ജൂൺ 25) – മദ്യനയം പുതുക്കുമെന്ന പ്രസ്താവന ആദ്യമായി വന്നത് ഇന്നാണ്. മദ്യനയം അട്ടിമറിച്ച് കേരളത്തിൽ  മദ്യമൊഴുക്കാനുള്ള ഗൂഡാലോചന ഇവിടെ തുടങ്ങുന്നു.
33. (ജൂൺ 26) – നഗരങ്ങളിലും ഗ്രാമങ്ങളിലും വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലഹരി – മയക്കുമരുന്ന് സംഘങ്ങൾ വ്യാപകമാവുന്നു. പോലീസ് നടപടികൾ ഏശുന്നില്ല.
34. (ജൂൺ 27) – കേരളത്തിൽ ആദ്യമായി എറണാകുളത്ത്  എ ടി എം മെഷീൻ ബോംബ് സ്ഫോടനം നടത്തി തകർത്ത് കൊള്ളയടിക്കാൻ ശ്രമിക്കുന്നു.

 

35. (ജൂൺ 28) – രാഷ്ട്രീയ സംഘർഷത്തിൽ സി പി എം സംഘം കണ്ണൂരിൽ ഏഴ് വയസ്സുകാരനെ വടിവാളുകൊണ്ട് വെട്ടി. ബി ജെ പി പ്രവർത്തകനായ പിതാവിനോടുള്ള പകയാണ് കാരണം. പോലീസ് നടപടി പേരിന് മാത്രം.
36. (ജൂൺ 29) – കേരളത്തിൽ സദാചാര കൊല. ഒരു യുവാവിനെ സദാചാര പോലീസ് അടിച്ചു കൊന്നു.
37. (ജൂൺ 30) – ഹെൽമെറ്റില്ലാത്തവർക്ക് പെട്രോളില്ലെന്ന അപ്രായോഗിക നിയമം പ്രഖ്യാപിക്കുന്നു. മന്ത്രിക്കും മുകളിൽ ഉദ്യോഗസ്ഥരെന്ന ആക്ഷേപം.
38. (ജൂലൈ 1) – ഡൽഹിയിൽ മലയാളി വിദ്യാർത്ഥിയെ മർദ്ദിച്ച് കൊലപ്പെടുത്തി. കേരള മുഖ്യമന്ത്രിയും സർക്കാറും അനങ്ങിയില്ല.
39. (ജൂലൈ 2) – കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പെരുപ്പിച്ച കണക്കും, പടർത്തുന്ന ഭീതിയും പറഞ്ഞുകൊണ്ടുള്ള ധവള പത്രം സർക്കാർ പുറത്തിറക്കി. അഞ്ചു വർഷത്തേക്കുള്ള വികസന മുരടിപ്പിനുള്ള മുൻ‌കൂർ ജാമ്യം ഇറക്കിയ ദിനം.
40 . (ജൂലൈ 3) – കഞ്ചാവ് മാഫിയ എക്സൈസ് ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. പോലീസ് നിഷ്ക്രിയം.
41. (ജൂലൈ 4)  വി എസ് അച്ചുതാനന്ദൻ ശല്യക്കാരനായ വ്യവഹാരിയാണെന്ന് സർക്കാർ വക്കീൽ കോടതിയിൽ പറഞ്ഞ ദിനം. വി എസിനു നേരെയുള്ള ആക്രമണമാണെന്ന് അഭിപ്രായം.
42. (ജൂലൈ 5) – സാന്റിയാഗോ മാർട്ടിന് അനുകൂലമായി സർക്കാർ വക്കീൽ സുപ്രീം കോടതിയിൽ റിപ്പോർട്ട് കൊടുത്തത് ഇന്നാണ്. പഴയ ബാന്ധവം പുതുക്കുന്ന നടപടിയാണെന്നു വിലയിരുത്തൽ.
43. (ജൂലൈ 6) – നിലമ്പൂരിൽ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന ആരോപണത്തിൽ യുവാവിനെ ഗുണ്ടാസംഘം കുത്തിക്കൊന്നു.
44. (ജൂലൈ 7) – എം കെ ദാമോദരൻ വേതനം പറ്റാതെയാണ് തനിക്ക് ഉപദേശം നൽകുന്നതെന്ന പിണറായിയുടെ പ്രസ്താവന വന്ന ദിനം. കേരളം അതുകേട്ട് ചിരിച്ചു.
45. (ജൂലൈ 8) –   മാതാപിതാക്കൾ സ്വന്തം മക്കൾക്ക് നൽകുന്ന ഭൂമിക്ക് പോലും രജിസ്‌ട്രേഷൻ ചാർജ്ജ് വർദ്ദിപ്പിച്ച ദിനം. വിലക്കയറ്റം രൂക്ഷമാകുന്ന ജനവിരുദ്ധ ബജറ്റ് അവതരിപ്പിച്ചത് ഇന്നാണ്.
46. (ജൂലൈ 9) – മലബാർ സിമന്റ്‌സ് അഴിമതിയിൽ വിജിലൻസ് പ്രതികൾക്ക് അനുകൂലമായി കോടതിയിൽ സംസാരിക്കുന്നു. വിജിലൻസ് അഴിമതിക്കാർക്ക് മുമ്പിൽ കുമ്പിടുന്നെന്ന് കോടതി നിരീക്ഷിച്ച ദിനം.
47. (ജൂലൈ 10) – തൃശൂരിൽ ബധിര – മൂക യുവതിയെ വീട്ടിൽ കയറി ക്രൂരമായി പീഡിപ്പിച്ചു.
48. (ജൂലൈ 11) – ഉണ്ണിത്താൻ വധശ്രമ കേസിലെ പ്രതി അബ്ദുൾറഷീദുമായി പിണറായി വിജയൻ വേദി പങ്കിടുന്നു. കൊലയാളികൾക്ക് നല്ല കാലം.
49. (ജൂലൈ 12) – കണ്ണൂരിൽ ബി ജെ പി കൊലയാളി സംഘം ഒരു സി പി എമ്മുകാരനെ വെട്ടിക്കൊന്നു. മണിക്കൂറുകൾക്കകം പ്രതികാര കൊലയും നടന്നു. പിണറായി ഭരണത്തിൽ എല്ലാം മുറപോലെ.
50. (ജൂലൈ 13) – മാണിക്കെതിരെ തെളിവില്ലെന്ന് സർക്കാർ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് കൊടുത്തത് ഇന്നാണ്. ഇത്രയും കാലം പറഞ്ഞതൊക്കെ സി പി  എം വിഴുങ്ങിയെന്ന് അഭിപ്രായം.
51. (ജൂലൈ 14) – കേരളത്തിൽ അപ്രഖ്യാപിത നിയമന നിരോധനം നടപ്പിലാക്കി. ബജറ്റിൽ ഒളിഞ്ഞു കിടക്കുന്ന വരികൾ പലരും പുറത്തുകൊണ്ടുവന്ന ദിനം.
52. (ജൂലൈ 15) – എൻ ഡി എഫുകാർ കോഴിക്കോട് ഒരു മുസ്ലിം ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു. കൊലപാതക രാഷ്ട്രീയം മുന്നോട്ട്.
53. (ജൂലൈ 16) – കേരളത്തിൽ പലയിടത്തും റാഗിംഗ് റിപ്പോർട്ട് ചെയ്ത ദിനം.
54. (ജൂലൈ 17) – ക്വാറി മുതലാളിമാർക്ക്  അനുകൂല നിലപാടുമായി വീണ്ടും സർക്കാർ വക്കീൽ കോടതിയിൽ പ്രത്യക്ഷപ്പെട്ടത് ഇന്നാണ്.
55. (ജൂലൈ 18) – കേരളത്തിൽ ഇന്ന് നടന്നത് രണ്ട് കൊലകളാണ്.
56. (ജൂലൈ 19) – സ്‌കൂൾ കഞ്ഞിയിൽ വിഷം കലർത്തിയ ആളെ നിസ്സാര കേസ് ചുമത്തി പോലീസ് വിട്ടയച്ചത് ഇന്നാണ്. തലനാരിഴക്ക് വഴിമാറിയത് വലിയ ദുരന്തം.
57. (ജൂലൈ 20) – ഹാരിസൺ, കരുണ, ടാറ്റ തുടങ്ങിയ അനധികൃത ഭൂമിയിടപാട് കേസുകളിൽ മുമ്പ് സർക്കാറിന് വേണ്ടി ഒട്ടനവധി അനുകൂലവിധികൾ കരസ്ഥമാക്കിയ പ്ലീഡർ സുശീലഭട്ടിനെ പിണറായി സർക്കാർ തൽസ്ഥാനത്ത് നിന്ന് മാറ്റി. എല്ലാം എസ്റ്റേറ്റ് മുതലാളിമാർക്ക് വേണ്ടിയാണല്ലോ എന്നതാണ് ഒരാശ്വാസം.
58. (ജൂലൈ 21) – അഭിഭാഷകരും പത്രക്കാരും തെരുവിൽ യുദ്ധം. സർക്കാർ അഭിഭാഷകർക്കൊപ്പം. കോടതിയിൽനിന്ന് വരുന്ന സർക്കാറിനെതിരെയുള്ള പരാമർശങ്ങൾ വാർത്തയാവാതിരിക്കാനുള്ള സൈക്കോളജിക്കൽ മൂവ്.
59. (ജൂലൈ 22) – യു ഡി എഫ് സർക്കാറും ഉമ്മൻചാണ്ടിയും കാര്യമായി ശ്രദ്ധിച്ചിരുന്ന ഒന്നായിരുന്നു പാവപ്പെട്ടവർക്ക് നൽകുന്ന ധന സഹായങ്ങൾ. ഇന്ന്  ആദ്യമായി അച്ഛനും അമ്മയും മരണപ്പെട്ട കുട്ടികൾക്ക് വേണ്ടി നടപ്പാക്കിയ സ്നേഹപൂർവ്വം പദ്ധതി മുടങ്ങി.
60. (ജൂലൈ 23) – വ്യോമസേനാ വിമാനം കാണാതായ സംഭവത്തിൽ രണ്ടു മലയാളികളും ഉൾപ്പെട്ടിരുന്നു. സർക്കാർ ഇവരുടെ കുടുംബത്തിനായി പ്രഖ്യാപിച്ച ആശ്വാസ പദ്ധതികൾ ഒന്നും നടപ്പായില്ല.
61. (ജൂലൈ 24) – റബ്ബർ കർഷകർ കൂടുതൽ ദുരിതത്തിലേക്ക്. വിലക്കുറവ് റബ്ബർ കർഷകരെ ബാധിക്കുന്നു. സർക്കാർ ഒന്നും ചെയ്യുന്നില്ല.
62. (ജൂലൈ 25) – പിണറായി സർക്കാറിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്ന, ‘പാടത്ത് പണി, വരമ്പത്ത് കൂലി’യെന്ന കോടിയേരിയുടെ പ്രഖ്യാപനം വന്ന ദിനം.
63. (ജൂലൈ 26) – സാമ്പത്തിക കാര്യത്തിൽ  ഉപദേശം നൽകാൻ പിണറായി ഗീത ഗോപിനാഥ് എന്ന ബൂർഷ്വാ മനസ്സുള്ള ‘സാമ്രാജ്യത്വത്തിൻറെ  പുത്രിയെ’ നിയമിച്ചത് ഇന്നാണ്.

 

64. (ജൂലൈ 27) – ഉമ്മൻചാണ്ടി ഏറെ ശ്രദ്ദിച്ചിരുന്ന രണ്ടു പദ്ധതികളായിരുന്നു ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായവും ബുദ്ധിപരമായ പ്രതിബന്ധമുള്ളവർക്കുള്ള ഇൻഷൂറൻസ് പദ്ധതിയും. ഈ രണ്ടു പദ്ധതിയും ആദ്യമായി മുടങ്ങിയത് ഇന്നാണ്.
65. (ജൂലൈ 28) – ഡിഫ്തീരിയ വാക്സിനെടുക്കാൻ പലരും ആശുപത്രിയിൽ എത്തിയെങ്കിലും വാക്സിൻ സ്റ്റോക്കില്ലെന്ന മറുപടിയാണ് ഇന്ന് ലഭിക്കുന്നത്.
66. (ജൂലൈ 29) – ഒറ്റനമ്പർ ലോട്ടറി വീണ്ടും സജീവമാകുന്നെന്ന വാർത്തകൾ വന്നത് ഇന്നാണ്.
67. (ജൂലൈ 30) – വിഴിഞ്ഞം പദ്ധതിയിൽ സർക്കാർ മെല്ലെപ്പോക്ക് നടത്തുന്നു. കുളച്ചലുമായി തമിഴ് നാട് അപ്പുറം അതിവേഗം മുന്നേറുന്ന കാര്യം സർക്കാർ മറന്നത് പോലെ.
68. (ജൂലൈ 31) – മാധ്യമ പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം. വലിയ വിവാദങ്ങൾ വന്നപ്പോൾ മാത്രം  ചെറിയ നടപടിയെടുത്ത് സർക്കാർ വന്നു.
69. (ആഗസ്റ് 1) – സൗദിയിൽ മലയാളികളടക്കം പലരും തൊഴിൽ പ്രതിസന്ധിയിൽപെട്ടു. കേരള സർക്കാറിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഡിപ്ലോമാറ്റിക് പാസ്പോർട്ട് എന്ന ഈഗോ കളിച്ച സർക്കാർ പ്രവാസികളെ മറന്നു.
70. (ആഗസ്റ് 2) – കടുത്ത മതവെറിയൻ പ്രസംഗം നടത്തിയിട്ടും പിള്ളക്കെതിരെ കാര്യമായ നടപടിയൊന്നും സർക്കാർ എടുത്തില്ല. ഇടതുമുന്നണിയിൽ എത്തിപ്പെട്ടാൽ അടുപ്പിലും ആവാം എന്നാണ് സർക്കാർ നയം.
71. (ആഗസ്റ്റ്‌ 3) – മലയാളികളായ യാത്രക്കാർ സഞ്ചരിച്ച വിമാനം ദുബായിൽ അപകടത്തിൽ പെട്ടു. രക്ഷാപ്രവർത്തനത്തിനിടയിൽ രക്തസാക്ഷിത്വം വരിച്ച ഫയർ ഫൈറ്ററുടെ കുടുംബത്തെ കാണാനോ അനുശോചനം അറിയിക്കാനോ ഔദ്യോഗികമായി ഒരു മന്ത്രിയും വന്നില്ല. ഒരു ദൂതനെ പോലും പറഞ്ഞയച്ചില്ല.
72. (ആഗസ്റ് 4) – ഈരാറ്റുപേട്ടയിൽ സി പി എം പ്രവർത്തകനെ വെട്ടിക്കൊന്നു. പ്രതികളും സി പി എമ്മുകാർ തന്നെ.
73. (ആഗസ്റ് 5) –   ശബരിമലയുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത തൊഴിലാളി യൂണിയൻ ഇടപെടലും സമരവും സ്തംഭിപ്പിക്കലും നടന്നത് ഇന്നാണ്. സർക്കാറിന്റെ ശ്രദ്ധയില്ലായ്മ അവിടെ തൊഴിലാളി പ്രശ്നമായി വളർന്നിരിക്കുന്നു.
74. (ആഗസ്റ് 6) – കേരളത്തിൽ ആദ്യമായി പൊലീസുകാരെ സ്ഥലം മാറ്റിയ ഉത്തരവ് വാട്‌സ്അപ്പിലൂടെ നൽകി സർക്കാർ ചരിത്രം സൃഷ്ടിച്ച ദിനം. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി എ കെ ജി സെന്ററിൽ നിന്ന് നൽകുന്ന നിർദേശം നടപടിക്രമങ്ങൾ പോലും പാലിക്കാതെ നടപ്പാക്കുകയാണ് ആഭ്യന്തരവകുപ്പ്.
75. (ആഗസ്റ് 7) – പോലീസ് വയർലെസ്സ് സെറ്റുകൊണ്ട് ഒരു യുവാവിന്റെ തല അടിച്ചുപൊട്ടിച്ച ദിനം.
76. (ആഗസ്റ് 8) – മാണിക്ക് പ്രശ്നാധിഷ്ടിത പിന്തുണയെന്ന സി പി എം സെക്രട്ടറിയുടെ പ്രസ്താവന വന്ന ദിനം. തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് മുഴുവൻ വിഴുങ്ങി.
77. (ആഗസ്റ് 9) – കേരളത്തിൽ അങ്ങ് റുമേനിയയിൽ നിന്ന് ഹൈടെക് കള്ളന്മാർ വന്ന് ലക്ഷങ്ങളുടെ എ ടി എം തട്ടിപ്പ് നടത്തി. ഒരു പ്രതിയെ മാത്രമാണ് ഇന്നുവരെ പൊലീസിന് പിടികൂടാൻ സാധിച്ചത്.
78. (ആഗസ്റ് 10) – ടോമിൻ തച്ചങ്കരി സ്വന്തം ജന്മദിനം സർക്കുലർ ഇറക്കി സർക്കാർ ഡിപ്പാർട്മെന്റിൽ ആഘോഷിപ്പിച്ചത് ഇന്നാണ്. പിന്നീട് ആക്ഷേപം ഉയർന്നപ്പോൾ ടോമിൻ തച്ചങ്കരിയെ സർക്കാർ മാറ്റി.
79. (ആഗസ്റ് 11) – തൊഴിൽ പ്രതിസന്ധിയിൽ പെട്ട് ഭക്ഷണം പോലുമില്ലാതെ സൗദിയിൽ കുടുങ്ങിപ്പോയ പ്രവാസികൾ തിരിച്ചു വരുമ്പോൾ അവരെ വീട്ടിലെത്തിക്കാനുള്ള സഹായം പോലും സർക്കാർ നൽകിയില്ല. വീട്ടിലെത്താൻ പണമില്ലാത്തതിനാൽ പ്രവാസികൾ യാത്ര റദ്ദാക്കിയ ദിനം.
80. (ആഗസ്ത് 12) – നാദാപുരത്ത് മുസ്ലിം ലീഗ് പ്രവർത്തകനെ ഇന്നോവയിൽ വന്ന  സി പി എം ഗുണ്ടകൾ വെട്ടിക്കൊന്നു. വരമ്പത്ത് കൂലിയെന്ന കോടിയേരിയുടെ നയം നടപ്പിലാക്കിയ ആദ്യ കൊലപാതകം.
81. (ആഗസ്റ് 13) – സംസ്ഥാന സർക്കാറിന്റെ അലംഭാവം കാരണം പാരിപ്പള്ളി മെഡിക്കൽ കോളേജിന് കേന്ദ്രത്തിൻറെ അനുമതി നഷ്ടപ്പെട്ടത് ഇന്നാണ്. കൃത്യ സമയത്ത് മാനദണ്ഡങ്ങൾ പാലിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും വൈകിയതാണ് കാരണം.
82. (ആഗസ്റ് 14) – നാദാപുരം വിഷയത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമായ കൊലവിളി ഉത്തരവാദപ്പെട്ടവർ പോലും നടത്തുന്നു. സർക്കാറിന് അനങ്ങാപ്പാറ നയം.
83. (ആഗസ്റ് 15) – കേരളത്തിൽ ക്വട്ടേഷൻ സംഘങ്ങൾ പെരുകുന്നു. ഇന്ന് ഒരു യുവാവിനെ തിരുവനന്തപുരത്ത് റോഡിലിട്ട് വെട്ടിക്കൊന്നു.
84. (ആഗസ്റ് 16) – മലയാളികളുടെ അഭിമാനമായ ലെഫ്റ്റനന്റ് കേണൽ നിരജ്ഞൻ കുമാറിനെ മറന്ന സ്വാതന്ത്ര്യ ദിനാചരണമാണ് കേരള സർക്കാർ നടത്തിയത്.
85. (ആഗസ്ത് 17) – സംസ്ഥാനത്തെ വിവരാവകാശ കമ്മീഷന്റെ പ്രവർത്തനം പ്രതിസന്ധിയിലാണെന്ന് മുഖ്യ വിവരാവകാശ കമ്മീഷൻ വിൻസൻറ് എം പോൾ തുറന്നു പറഞ്ഞ ദിനം. മന്ത്രിസഭാ തീരുമാനങ്ങൾ രഹസ്യമാക്കി വെക്കാനുള്ള പിണറായി വിജയൻറെ തീരുമാനത്തിനെതിരെ സംസാരിച്ചതാണ് സർക്കാർ വിവരാവകാശ കമ്മീഷൻറെ നേരെ തിരിയാൻ കാരണം.
86. (ആഗസ്റ് 18) – മദ്യം ഓൺലൈനായി വാങ്ങിക്കാനുള്ള സംവിധാനമൊരുക്കുമെന്ന പ്രഖ്യാപനം വന്നത് ഇന്നാണ്. മദ്യ വർജ്ജനം ഇതായിരുന്നെന്ന് ജനങ്ങൾ മനസ്സിലാക്കി.
87. (ആഗസ്ത് 19) – ടൂറിസ്റ്റുകൾ മദ്യം കഴിക്കാനാണ് കേരളത്തിലേക്ക് വരുന്നതെന്നും ടൂറിസത്തെ രക്ഷിക്കാൻ ബാറുകൾ തുറക്കണമെന്നും മന്ത്രി മൊയ്തീൻ തുറന്നു പറഞ്ഞത് ഇന്നാണ്. കാള വാലുപൊക്കുന്നത് എന്തിനാണെന്നു ജനം തിരിച്ചറിയുന്നു.
88. (ആഗസ്റ് 20) – കണ്ണൂരിൽ ബോംബ് സ്‌ഫോടനത്തിൽ ഒരു ബി ജെ പി പ്രവർത്തകൻ കൊല്ലപ്പെട്ടു. വരും ദിനങ്ങൾ ഭീതിയുടേതാണെന്ന മുന്നറിയിപ്പ്. സി പി എമ്മും ബി ജെ പിയും കണ്ണൂരിൽ ആയുധ സംഭരണം നടത്തുന്നു. പോലീസ് കൂട്ടുനിൽക്കുന്നു.
89. (ആഗസ്റ് 21) – ശബരിമലയിൽ സർക്കാർ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമം. പിണറായി അവലോകന യോഗത്തിൽ സംസാരിച്ചത് കാർക്കശ്യത്തിൻറെ സ്വരത്തിൽ. രൂക്ഷമായ എതിർപ്പുമായി വിശ്വാസികളും. സമവായത്തോടെ തീരുമാനിക്കേണ്ട പല വിഷയങ്ങളിലും സർക്കാർ യുദ്ധം പ്രഖ്യാപിക്കുകയാണ്.
90. (ആഗസ്റ് 22) – തെരുവുനായകൾ ഒരു സ്ത്രീയെ കടിച്ചു കൊന്നു. നടപടികൾ ഇപ്പോഴും പ്രസ്താവനകളിൽ മാത്രം.
91. (ആഗസ്റ് 23) – ഒളിമ്പിക്സിൽ വെള്ളം പോലും കുടിക്കാൻ കൊടുക്കാതെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻറെ പീഡനത്തിനരയായ മലയാളി താരം ജെയ്ഷ പരാതി പറഞ്ഞിട്ടും സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്ന് ആശ്വാസ നടപടികൾ ഒന്നുമില്ല. അവരെ സന്ദർശിക്കാനോ പിന്തുണ അറിയിക്കാനോ ഒരു സർക്കാർ പ്രതിനിധി പോലും മുന്നോട്ട് വന്നില്ല. സ്പോർട്സ് കൗൺസിൽ പിടിച്ചെടുത്തതോടെ സ്പോർട്സിനോടുള്ള സ്നേഹം തീർന്നു.

 

92. (ആഗസ്റ് 24) – ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഒരേ സമയത്ത്  ബദൽ ഘോഷയാത്രകൾ നടത്തി സി പി എം നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എല്ലാം നടന്നത് സർക്കാർ ഒത്താശയോടെ.  വിട്ടുവീഴ്ചയും സംഘർഷം ഒഴിവാക്കാനുള്ള നടപടികളും കൈകൊള്ളാതെ സർക്കാർ ഭീതി പരത്താൻ  കൂട്ടുനിന്നു.
93. (ആഗസ്റ് 25) – ഓണ പരീക്ഷ വന്നെത്തിയിട്ടും, സ്‌കൂൾ  വിദ്യാർത്ഥികൾക്ക് ഇതുവരെ  പാഠപുസ്തകം കിട്ടിയില്ല. ഞാനൊന്നുമറിഞ്ഞില്ലെന്ന് വിദ്യാഭ്യാസ മന്ത്രി.
94. (ആഗസ്റ് 26) – മൂന്നുവര്‍ഷം മുമ്പ്  എംഎ പരീക്ഷക്ക് തോറ്റ എസ് എഫ് ഐ നേതാവിന്  മാര്‍ക്ക് കൂട്ടികൊടുത്ത്  ജയിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓർഡർ വന്ന ദിനം. അതേ സമയം, സ്റ്റുഡന്റസ് പോലീസ് പോലെയുള്ളവക്ക് ഗ്രെസ് മാർക്ക് നിർത്തലാക്കുമെന്നും മന്ത്രി.
95. (ആഗസ്റ് 27) – മെഡിക്കൽ മാനേജ്‌മെന്റ് സീറ്റിൽ കോടതിയിൽ നിന്ന് സർക്കാറിന് തിരിച്ചടി. സമവായ ചർച്ചക്ക് മുമ്പ് യുദ്ധത്തിന് പോയ സർക്കാർ നാണംകെട്ടു. കുട്ടികളുടെ ഭാവി അനിശ്ചിതത്തിലാക്കിയത് മെച്ചം.
96. (ആഗസ്റ് 28) – മരുമകളെ ശല്യം ചെയ്തത ക്വട്ടേഷൻ സംഘത്തിനെതിരെ  പോലീസിൽ  പരാതി നൽകിയ സി പി എം പ്രവർത്തകൻ മുഖ്യമന്ത്രിക്ക് കത്തെഴുതിവെച്ച് ആത്മഹത്യ ചെയ്തത് ഇന്നാണ്. പൊലീസിലെ ക്രിമിനൽ വല്കരണം അതിവേഗം.
97. (ആഗസ്റ് 29) – പൂക്കളത്തിൻറെ പേരിൽ അനാവശ്യ വിവാദം. സർക്കാർ ഓഫീസിലെ ഏറ്റവും വലിയ അരാജകത്വം പൂക്കളമാണെന്ന് ആർക്കെങ്കിലും ഇത് കേട്ടാൽ തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല. പൂക്കളത്തിന് വിലക്കും പണിമുടക്കിന് ആഹ്വാനവും നൽകി മുഖ്യമന്ത്രി സ്വയം പരിഹാസ്യനായി.
98. (ആഗസ്ത് 30) – ട്രെയിനപകടത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന യാത്രക്കാർക്ക് ബദൽ മാർഗമൊരുക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ട ദിനം. കെ എസ് ആർ ടി സി ബസുകളെ ഇത്തരം സന്ദർഭങ്ങളിൽ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തുന്നതിൽ വൻ പരാജയം.
99. (ആഗസ്റ് 31) – സി പി ഐ – സി പി എം തർക്കം രൂക്ഷം. ഭരണതലത്തിൽ വരെ ഭിന്നത വരുന്ന രൂപത്തിലേക്ക് വളരാൻ സാധ്യത. കോടിയേരി അനുനയത്തിന്.
100. (സെപ്റ്റംബർ 1) – കേന്ദ്രം പെട്രോൾ വില വർദ്ദിപ്പിക്കുമ്പോൾ ഉമ്മൻചാണ്ടി സർക്കാർ സ്ഥിരമായി നൽകുന്ന ആശ്വാസമായിരുന്നു സംസ്ഥാന സർക്കാറിന്റെ നികുതി ലാഭം വേണ്ടെന്നു വെക്കുന്ന രീതി. ഇന്ന് പെട്രോളിന്  വൻ വിലവർദ്ധനവ് വന്നിട്ടും പിണറായി സർക്കാർ നൽകാൻ പറ്റുന്ന ഒരാശ്വാസം പോലും പ്രഖ്യാപിക്കുന്നില്ല.

Welcome to Haindava Keralam! Register for Free or Login as a privileged HK member to enjoy auto-approval of your comments and to receive periodic updates.

Leave a Reply

Your email address will not be published. Required fields are marked *

 characters available

14 − 7 =

Latest Articles from മലയാളം

Did You Know?